കോട്ടയം: ക്രെഡിറ്റ് പരിധി കടക്കില്ലെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് റിലയൻസ് ജിയോ പ്രീപെയ്ഡ് സിം എടുത്ത ഉപഭോക്താവിന് അധികമായി ഈടാക്കിയ ബിൽ തുക തിരിച്ചുനൽകണമെന്ന് ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ.
ചങ്ങനാശ്ശേരി ചെറുവള്ളി പുതിയേടത്തുവീട്ടിൽ പി.ജി. രതീഷ് നൽകിയ പരാതിയിലാണ് നടപടി. റിലയൻസ് ജിയോയുടെ ചങ്ങനാശ്ശേരി ശാഖയിൽനിന്ന് പരാതിക്കാരൻ ക്രെഡിറ്റ് പ്ലാനിൽ പ്രീപെയ്ഡ് സിം വാങ്ങുകയും ഇന്റർനാഷണൽ റോമിങ് പ്ലാനിൽ 1,102 രൂപയ്ക്ക് മൊബൈൽ റീചാർജ് ചെയ്യുകയും ചെയ്തു.
തുടർന്ന് 2024 ഓഗസ്റ്റ് 11ന് മാലിദ്വീപിൽ യാത്രപോയ പരാതിക്കാരൻ ലോക്കൽ സിം വാങ്ങി ഉപയോഗിച്ച സമയത്ത് ഓഗസ്റ്റ് 21ന് 27,215 രൂപയുടെ ബിൽ ലഭിച്ചു.
പരാതിയോടൊപ്പം സമർപ്പിച്ച രേഖ പരിശോധിച്ച കമ്മീഷൻ പരാതിക്കാരൻ എടുത്തിരിക്കുന്ന 999 രൂപയുടെ ‘ഡബ്ല്യൂ.എം.എൻ.പി 999 പ്രൈം’ പ്ലാൻ പ്രകാരം 200 ജിബിയുടെ ഹൈ സ്പീഡ് ഡാറ്റയും അധിക ഉപയോഗമായി ഓരോ ജിബിക്കും ലിമിറ്റ് ചേഞ്ച് 10 രൂപയാണെന്നും കണ്ടെത്തി. 2024 ജൂലൈ 22 മുതൽ ഓഗസ്റ്റ് 10 വരെ 36 ജിബി മാത്രമാണ് പരാതിക്കാരൻ ഉപയോഗിച്ചിരിക്കുന്നതെന്നും അത് 200 ജിബിയുടെ ഹൈ സ്പീഡ് ഡാറ്റയിൽ ഉൾപ്പെടുത്തുന്നതാണെന്നും കമ്മീഷൻ കണ്ടെത്തി.
ക്രെഡിറ്റ് പരിധി കഴിയുമ്പോൾ എസ്.എം.എസ്/ഇമെയിലായി സന്ദേശം നൽകുമെന്ന വാദം തെളിയിക്കുവാൻ എതിർ കക്ഷികൾക്ക് സാധിക്കാത്തതിനാൽ 2024 ഒക്ടോബർ 30 മുതൽ ഒൻപതു ശതമാനം പലിശനിരക്കിൽ 21,435 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും കോടതിചെലവായി 5000 രൂപയും നൽകണമെന്ന് അഡ്വ.വി.എസ് മനുലാൽ പ്രസിഡന്റും അഡ്വ. ആർ.ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള കമ്മീഷൻ ഉത്തരവിട്ടു.