തിരുവല്ല: സഭയെയും സമൂഹത്തെയും ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളിൽ ധീരമായ നിലപാട് എടുത്ത മെത്രാപ്പോലീത്തായായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ എന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു. അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ജാഗ്രത വേണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുമായിരുന്നു. അസാധാരണമായ വ്യക്തി വൈഭവത്തിന് ഉടമയായിരുന്നു അദ്ദേഹം.
അലസതയോ, അസാദ്ധ്യമോ അദ്ദേഹത്തിന്റെ ജീവിതത്തിൽ കാണുവാൻ കഴിയില്ലായിരുന്നു. എക്യുമെനിസത്തിന്റെ വലിയ പ്രയോക്താവായിരുന്നു.
മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര പനവേലി ബഥേൽ മാർത്തോമ്മാ പള്ളിയിൽ നടന്ന നാലാമത് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു കർദ്ദിനാൾ.
ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ അധ്യക്ഷനായി.
സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, വികാരി ജനറാൾ വെരി റവ. കെ. വി. ചെറിയാൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, ഇടവക വികാരി റവ. രാജു തോമസ് എന്നിവർ പ്രസംഗിച്ചു. സഭാ കൗൺസിൽ അംഗം പി.റ്റി. ഷാജി സഭയുടെ ഉപഹാരം കർദ്ദിനാളിനു നൽകി. പനവേലി ബഥേൽ മാർത്തോമ്മാ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.