കാസർകോഡ് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ട് പുരയ്‌ക്ക് തീപിടിച്ച് 150ലധികം പേർക്ക് പരിക്ക്.രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 154ലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.ഇതിൽ 8 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് തീപ്പൊരി വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.തിക്കിലും തിരക്കിലും പെട്ടാണ് പലർക്കും പരിക്കേറ്റത്. വടക്കൻ മലബാറിലെ തെയ്യം ആരംഭിക്കുന്നത് ഈ ക്ഷേത്രത്തിലാണ്.
പടക്കങ്ങൾ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു. പടക്കം സൂക്ഷിച്ചതിന് അടുത്തു തന്നെയാണ് വെടിക്കെട്ട് നടത്തിയത്. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കളക്ടർ അറിയിച്ചു.സംഭവത്തിൽ ക്ഷേത്ര പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.