കോട്ടയം : ധർമ്മസംരക്ഷണം ഭാരതത്തിന്റെ പാരമ്പര്യം ആണെന്ന് ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള. കുറവിലങ്ങാട് കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാഭാരത യുദ്ധ സമയത്ത് അനുഗ്രഹം തേടി വന്ന മക്കളോട് അമ്മമാർ പറഞ്ഞതും എവിടെ ധർമം ഉണ്ടോ അവിടെ വിജയം ഉണ്ടാകും എന്നാണ്.
ഭാരതത്തിലെ ഗ്രാമീണ ക്ഷേത്രങ്ങളാണ് നമ്മുടെ ധാർമിക മൂല്യങ്ങളുടെ അടിത്തറ എന്നും അതിശക്തമായ ധാർമിക മൂല്യങ്ങളാണ് ക്ഷേത്ര സംസ്ക്കാരം ഭാരതീയർക്കു പകർന്നു നൽകിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ ഐശ്വര്യത്തിനും ഐക്യത്തിനും ഉത്സവ സാംസ്‌കാരിക ചടങ്ങുകൾ സഹായകരം ആകുമെന്ന് അദ്ദേഹം പറഞ്ഞു.
പന്ത്രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് ക്ഷേത്രത്തിൽ തുടക്കം ആയത്. മോൻസ് ജോസഫ് എം എൽ എ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, പി സി കുര്യൻ, സന്ധ്യ, സജികുമാർ, ജി പ്രകാശ്, രാജേന്ദ്രൻ പുളിക്കകുന്നേൽ എന്നിവർ പ്രസംഗിച്ചു.