കൊച്ചി : മലപ്പുറം എസ്പി ആയിരുന്ന സുജിത്ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള വീട്ടമ്മയുടെ പീഡന പരാതിയിൽ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു.ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടും കേസെടുത്ത് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചത് . തുടർന്ന് പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് സിംഗിൾ ബെഞ്ച് നിർദ്ദേശിക്കുകയും മജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിടുകയും ചെയ്‌തു . ഇതിനെതിരെ പൊന്നാനി സിഐ വിനോദ് വലിയാറ്റൂർ നൽകിയ അപ്പീലിലാണ് ഉത്തരവ്. പരാതിയിൽ മജിസ്ട്രേറ്റ് കോടതി വീണ്ടും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.