തിരുവല്ല: നിർമ്മാണം പൂർത്തിയായ വീട്ടിലേക്ക് തോമസ് സി ഉമ്മന്റെ മൃതദേഹം എത്തി. കുവൈത്തിൽ ഫ്ലാറ്റിന് തീ പിടിച്ചുണ്ടായ ദുരന്തത്തിൽ മരിച്ച മേപ്രാല്‍ ചിറയില്‍ മരോട്ടിമൂട്ടില്‍ തോമസ് സി. ഉമ്മന്റെ (ജോബി)യുടെ മൃതദേഹമാണ് തോമസും സഹോദരൻ ജേക്കബും ചേർന്ന് പണികഴിപ്പിച്ച മേപ്രാലിലെ പുതിയ വീട്ടിലേക്ക് എത്തിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ തിരുവല്ലയിൽ എത്തിച്ച മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അവിടെ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ പുതിയ വീട്ടിൽ എത്തിച്ചത്.
വൻജനാവലിയാണ് നിറകണ്ണുകളുമായി തോമസിനെ ഒരു നോക്ക് കാണാനായി ഇവിടെ എത്തിച്ചേർന്നത്. പ്രാർത്ഥന വേളകളിൽ വൈദികരുടെ കണ്ഡം പോലും ഇടറി. 5 മിനിറ്റ് നേരത്തോളം വെച്ച മൃതദേഹം പിന്നീട് നടവഴി മാത്രമുള്ള കുടുംബ വീട്ടിലേക്ക് മാറ്റി. തോമസിന്റെ മൃതദേഹം എത്തുന്നതും കാത്ത് ഇവിടെയും വൻ ജനക്കൂട്ടം കാത്തു നിന്നു.
സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മേപ്രാല്‍ സെന്റ് ജോൺസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ നടക്കും