എടത്വാ: പമ്പാ ബോട്ട് റേയ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15ന് നടത്തുന്ന നീരേറ്റുപുറം ജനകീയ ജലോത്സവം ഓണ തനിമ നിറഞ്ഞതും 67 വർഷത്തിൻ്റെ പാരമ്പര്യമുള്ളതുമാണെന്ന് ആൻ്റോ ആൻ്റണി എം പി പറഞ്ഞു. ജനകീയ ജലോത്സവത്തിൻ്റെ ഈ വർഷത്തെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
വിദേശ മലയാളികളും വിദേശികളും ഓണക്കാലത്ത് നാട്ടിൽ എത്തുന്നത് ഈ ജലമേള കണ്ട് ആസ്വദിക്കാനാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. ജലോത്സവ സമിതി ചെയർമാൻ റെജി ഏബ്രഹാം തൈകടവിൽ അധ്യക്ഷത വഹിച്ചു. സമിതി ജനറൽ സെക്രട്ടറി പ്രകാശ് പനവേലി, ബാബു വലിയ വീടൻ, തിരുവല്ലാ പ്രാഥമിക കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡൻ്റ് റെജി കല്ലുപുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.