കോട്ടയം: ക്നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമം നവംബർ എട്ട്, ഒൻപത് തീയതികളിൽ തിരുവല്ലയിൽ നടക്കും. തിരുവല്ല തിരുമൂലപുരത്ത് നടക്കുന്ന സംരക്ഷണ സംഗമത്തിൽ അയ്യായിരത്തോളം വിശ്വാസികൾ പങ്കെടുക്കും. തിരുമൂലപുരത്തെ എം.ഡി.എം കൺവൻഷൻ സെൻ്ററിൽ തയ്യാറാക്കിയ ഇട്ടിത്തൊമ്മൻ കത്തനാർ നഗറിലാണ് സംഗമം നടക്കുക.
നവംബർ എട്ട് ശനിയാഴ്ച വൈകിട്ട് ആറിന് റാന്നിയിൽ നിന്നും കൊണ്ടു വരുന്ന പതാകയ്ക്കും, ചിങ്ങവനത്തു നിന്നും കൊണ്ടു വരുന്ന ഛായാചിത്രത്തിനും സമ്മേളന വേദിയിൽ സ്വീകരണം നൽകും. തുടർന്ന് പതാക ഉയർത്തൽ നടക്കും. വൈകിട്ട് ആറരയ്ക്ക് കേന്ദ്ര പ്രതിനിധി സമ്മേളനം നടക്കും.
നവംബർ ഒൻപതിന് രാവിലെ വള്ളംകുളം മാർ ഏലിയാസ് തൃതീയൻ പള്ളിയിൽ രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, ഏഴിന് കുർബാന, രാവിലെ 10.30 മുതൽ തിരുമൂലപുരം എം.ഡി.എം കൺവൻഷൻ സെൻ്ററിൽ കലാമത്സരങ്ങൾ. ഉച്ചയ്ക്ക് രണ്ടിന് വനിതാ സമ്മേളനം നടക്കും.
മൂന്നിന് തിരുമൂലപുരം ടൌണിൽ നിന്നും സമ്മേളന നഗരിയിലേയ്ക്കു ഘോഷയാത്ര നടക്കും. സമ്മേളന നഗറിൽ ഘോഷയാത്ര പ്രവേശിക്കുമ്പോൾ കുരിശിൽ ആലാത്ത് കെട്ടി വിശ്വാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. 3.30 ന് വിശ്വാസ സംരക്ഷണ പൊതുസമ്മേളനം നടക്കും.
പരിശുദ്ധ പാർത്രിയാർക്കീസ് ബാവായുടെ പ്രതിനിധി സിറിയൻ ഓർത്തഡോക്സ് സഭയിലെ യൂത്ത് അഫയേഴ്സ് ആൻ്റ് ക്രിസ്ത്യൻ എഡ്യുക്കേഷൻ വികാരി ആർച്ച് ബിഷപ്പ് മോർ ആൻഡ്രൂസ് ബാഹി അനുഗ്രഹ പ്രഭാഷണം നടത്തും. ഇതര സമുദായത്തിലെ മെത്രോപ്പോലീത്താമാരും വൈദികരും പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കും. വൈകിട്ട് ഏഴിന് ചലച്ചിത്ര താരങ്ങൾ പങ്കെടുക്കുന്ന കലാസന്ധ്യയും പരിപാടിയുടെ ഭാഗമായി അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.






