കോട്ടയം : ചിങ്ങവനം ആസ്ഥാനമായുളള ക്‌നാനായ യാക്കോബായ സഭയിലെ രൂക്ഷമായ ആഭ്യന്തര സംഘര്‍ഷത്തിനിടെ ക്‌നാനായ യുവജന സമാജം അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു.
ക്നാനായ യാക്കോബായ സഭ അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായുള്ള ബന്ധം വിഛേദിച്ച് സ്വതന്ത്ര സഭയായി പ്രഖ്യാപിച്ച സമുദായ മെത്രോപ്പോലീത്ത ബിഷപ്പ് മാര്‍ സേവേറിയോസിന്റെ നിലപാടുകളോട് വിയോജിക്കുന്ന മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിലാണ് അന്തോഖ്യാ വിശ്വാസ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നത്.
സഭയില്‍ സഭാ അധ്യക്ഷനായ ബിഷപ്പ് സേവേറിയോസുമായുളള കടുത്ത ഭിന്നത പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. സേവേറിയോസിന്റെ അന്തര്‍മുഖത്വമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് മേഖലാ മെത്രാപ്പോലീത്തന്മാരായ കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസ്, കുറിയാക്കോസ് മാര്‍ ഇവാനിയോസ്, ഫാ.ജിബി പ്ലാന്തോട്ടം, മുന്‍ സമുദായ സെക്രട്ടറി ഏലിയാസ് സഖറിയ പാറയില്‍, ട്രസ്റ്റി കെ.കെ കുരുവിള കേളചന്ദ്ര, അസോസിയേഷന്‍ അംഗം ടിനു എബ്രഹാം തോട്ടുപുറത്ത്, റെജി പഴയ പീടികയില്‍ എന്നിവര്‍ അറിയിച്ചു.
സഭയുടെ സത്യവിശ്വാസങ്ങള്‍ക്കും പാരമ്പര്യത്തിനും വിരുദ്ധമായ കാര്യങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി സമുദായത്തില്‍ നടക്കുകയാണ്. ഇതിന് സമുദായ നേതൃത്വത്തിലുള്ള ചിലരുടെ പിന്തുണയുണ്ട്. ഇത്തരം നീക്കങ്ങള്‍ സമുദായത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതിനാല്‍ ഇതിനെതിരായുള്ള ചെറുത്തുനില്‍പ്പിന്റെ ഭാഗമായാണ് തിരുമൂലപുരത്ത് വിശ്വാസ സംരക്ഷണ സംഗമം നടത്തുന്നതെന്ന് അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി വ്യക്തമാക്കി.






