ചങ്ങനാശ്ശേരി: കുറിച്ചി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ കുറിച്ചി ബാവായുടെ 62-മത് ഓർമ്മപ്പെരുന്നാൾ ജനുവരി ആറ് വരെ നടക്കും. പെരുന്നാളിന്റെ ഭാഗമായി നാളെ ജനുവരി ഒന്ന് രാവിലെ 06.30 ന് പ്രഭാത നമസ്‌കാരം, ഏഴിന് വിശുദ്ധ കുർബാന, തുടർന്ന് പുതുവത്സര പ്രാർത്ഥന.
വൈകിട്ട് അഞ്ചരയ്ക്ക് സന്ധ്യാനമസ്‌കാരം കുറിച്ചി ചെറിയ പള്ളിയിൽ. കൊല്ലം ഭദ്രാസനാ മെത്രാപ്പോലീത്ത ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന്, വൈകിട്ട് ഏഴിന് ഭക്തിനിർഭരമായ പ്രദക്ഷിണം വലിയ പള്ളിയിലേയ്ക്കു നടക്കും. തുടർന്ന് ധൂപപ്രാർത്ഥനയും, ശൈഹിക വാഴ് വും പള്ളിമേടയിൽ നടക്കും.
പരിശുദ്ധ കുറിച്ചി ബാവായുടെ ഓർമ്മപെരുന്നാൾ ദിനമായ ജനുവരി രണ്ട് രാവിലെ എട്ടരയ്ക്ക് മൂന്നിന്മേൽ കുർബാന. ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. റവ.കെ.എം മാത്യു കുളക്കാട്ടുശേരിൽ കോർ എപ്പിസ്‌കോപ്പ, റവ.പാ.മർക്കോസ് ജോൺ പാറയിൽ എന്നിവർ സഹകാർമ്മികത്വം വഹിക്കും.
തുടർന്ന് കൽക്കുരിശ് ചുറ്റി പ്രദക്ഷിണം. 11 ന് അഖില മലങ്കര പ്രസംഗ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. രാവിലെ 11.15 ന് പ്രതിഭാ സംഗമത്തിൽ വിവിധ സമ്മാനങ്ങളും, എൻഡോവ്‌മെന്റുകളും വിതരണം ചെയ്യും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദേവലോകത്തേയ്ക്ക് തീർത്ഥയാത്ര പുറപ്പെടും.
ജനുവരി മൂന്നിന് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ആദ്യ ഫല ശേഖരണം. ജനുവരി നാലിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ.ഫിലിപ്പോസ് ഫിലിപ്പോസ് നേതൃത്വം നൽകി. തുടർന്ന് ആദ്യ ഫല ലേലവും, പുഴുക്ക് നേർച്ചയും പെരുന്നാൾ കൊടിയിറക്കും നടക്കും. ദനഹാ പെരുന്നാൾ ദിനമായ ജനുവരി ആറിന് പ്രഭാതനമനസ്‌കാരവും പ്രത്യേക ശുശ്രൂഷകളും ഉണ്ടാകും.






