തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ വോട്ടർമാർക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സി പി എം നേതാവ് എം എം മണി. സർക്കാരിൽ നിന്ന് ക്ഷേമ പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയ ശേഷം ജനങ്ങൾ നന്ദികേട് കാട്ടി എൽ.ഡി.എഫിന് എതിരായി വോട്ട് ചെയ്തു എന്നായിരുന്നു മണിയുടെ പ്രസ്താവന. ഇത് രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിക്കുകയും വോട്ടർമാരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷം വിമർശിക്കുകയും ചെയ്തിരുന്നു.
വിവാദങ്ങൾ ശക്തമായ സാഹചര്യത്തിലാണ്, തനിക്ക് തെറ്റ് പറ്റിയതായി എം.എം. മണി തുറന്നുസമ്മതിച്ചത്. ഇത്തരത്തിലുള്ള ഒരു പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും, പാർട്ടി നേതൃത്വവും തൻ്റെ വാക്കുകൾ തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടർമാരെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒരു രാഷ്ട്രീയ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് തിരിച്ചറിഞ്ഞതായും മണി കൂട്ടിച്ചേർത്തു.
വോട്ടർമാരെ അവഹേളിക്കുന്ന എം.എം. മണിയുടെ പ്രസ്താവന സി.പി.എമ്മിന്റെ യഥാർത്ഥ മനോഭാവമാണ് വെളിപ്പെടുത്തുന്നതെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് ഉൾപ്പെടെയുള്ള നേതാക്കൾ വിമർശിച്ചിരുന്നു. ക്ഷേമപെൻഷനുകൾ സർക്കാരിൻ്റെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന വാദം.






