തിരുവല്ല : കാൽ നൂറ്റാണ്ട് കാലമായി തകർന്ന് കിടക്കുന്ന പാലിയേക്കര – സാൽവേഷൻ ആർമി റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വാഹന യാത്രക്കാരും. കായംകുളം – തിരുവല്ല സംസ്ഥാന പാതയെയും, തിരുവനന്തപുരം – അങ്കമാലി എംസി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നാല് കിലോമീറ്ററോളം ദൂരം വരുന്ന റോഡ് ആണ് യാത്രാദുരിതം വിതയ്ക്കുന്നത്.
തിരുവല്ല നഗരസഭയുടെ ഉടമസ്ഥതയിൽ ഉള്ള റോഡ് ആണിത്. റോഡിൻറെ തുടക്കം മുതൽ അവസാനം വരെയുള്ള ഭാഗത്ത് എണ്ണിയാൽ ഒടുങ്ങാത്ത വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഏതാണ്ട് 10 വർഷക്കാലം മുമ്പ് വരെ നഗരം ഗതാഗത കുരുക്കിൽ ആവുമ്പോൾ വാഹനങ്ങളെ ഈ റോഡിലൂടെ ആണ് നിയന്ത്രിച്ച് കടത്തി വിട്ടിരുന്നത്. എന്നാൽ 10 വർഷക്കാലമായി റോഡ് പൂർണമായും തകർന്നതോടെ ഇരുചക്ര വാഹന യാത്ര പോലും സാധ്യമാകാത്ത നിലയിലാണ്. റോഡിലെ കുഴികളിൽ വീണ് സൈക്കിൾ യാത്രികരായ വിദ്യാർഥികൾക്കും ഇരുചക്ര വാഹന യാത്രക്കാർക്കും പരിക്കേൽക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
ഏതാണ്ട് ആയിരത്തോളം കുടുംബങ്ങൾ നിത്യേനയുള്ള സഞ്ചാരത്തിനായി ഉപയോഗിക്കുന്ന റോഡ് കൂടിയാണിത്. റോഡിൻറെ തകർച്ച മൂലം ഓട്ടോറിക്ഷകൾ പോലും ഓട്ടം വിളിച്ചാൽ വരാറില്ലെന്ന് നാട്ടുകാർ പരാതി പറഞ്ഞു. റോഡ് പുനർ നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി റസിഡൻ്റ്സ് അസോസിയേഷനുകളും ജനകീയ കൂട്ടായ്മകളും വിവിധ രാഷ്ട്രീയ പാർട്ടികളും നഗരസഭയിലേക്ക് അടക്കം നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും ഇവയൊന്നും അധികൃതരുടെ കണ്ണ് തുറപ്പിച്ചിട്ടില്ല.