ന്യൂഡൽഹി : ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യമൊട്ടാകെ 64 കോടി 20 ലക്ഷം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.ലോകത്ത് ഏറ്റവുമധികം വോട്ട് ചെയ്ത തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വോട്ടെണ്ണലിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ ദില്ലിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാൻ സാധിച്ചത് ഒരു അത്ഭുതമായിരുന്നുവെന്നും രാജ്യത്തിൻ്റെ മുക്കിലും, മൂലയിലുമെത്തി പോളിംഗ് സാധ്യമാക്കിയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.വോട്ട് ചെയ്ത എല്ലാവരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിനന്ദിച്ചു.സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തെയും കമ്മീഷൻ പ്രശംസിച്ചു.
ജമ്മു കശ്മീരിൽ നാല് പതിറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന പോളിങ് ഇത്തവണ രേഖപ്പെടുത്തി.മണിപ്പൂരിൽ സമാധാനപരമായി നടപടികൾ പൂര്‍ത്തിയാക്കി. മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളിൽ 90 ശതമാനവും പരിഹരിച്ചുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി .രാജ്യം മുഴുവൻ പത്തര ലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും.വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്ന് തലത്തിൽ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.