തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്രതിനിധി മണ്ഡലയോഗം സെപ്റ്റംബർ 17, 18, 19, 20 തീയതികളിൽ തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത ആഡിറ്റോറിയത്തിൽ നടക്കും. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അധ്യക്ഷത വഹിക്കും. മാത്യൂസ് മാർ സെറാഫിം എപ്പിസ്ക്കോപ്പാ ധ്യാനപ്രസംഗം നടത്തും.
സെപ്റ്റംബർ 17 ന് രാവിലെ 10 മണിക്ക് ആരാധനയോടെ യോഗനടപടികൾ ആരംഭിക്കും. രജിസ്ട്രേഷൻ രാവിലെ 8 മണിക്ക് തിരുവല്ല വി.ജി.എം ഹാളിൽ ആരംഭിക്കും.
സഫ്രഗൻ മെത്രാപ്പോലിത്താമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ. ജോസഫ് മാർ ബർന്നബാസ്, എപ്പിസ്ക്കോപ്പാമാരായ തോമസ് മാർ തിമൊഥെയോസ്, ഡോ. എസെക് മാർ ഫിലക്സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം, സീനിയർ വികാരി ജനറാൾ ഡോ. ഈശോ മാത്യു, സഭാ സെക്രട്ടറി എബി റ്റി. മാമ്മൻ, വൈദിക ട്രസ്റ്റി ഡേവിഡ് ഡാനിയേൽ, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയെ കോമാട്ട് എന്നിവർ നേതൃത്വം നൽകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മണ്ഡലാംഗങ്ങൾ പങ്കെടുക്കും. സഭാ സെക്രട്ടറി എബി റ്റി. മാമ്മൻ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും സഭാ അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയെ കോമാട്ട് ബജറ്റും അവതരിപ്പിക്കും. മതനിരപേക്ഷതയും മാറുന്ന സാമൂഹ്യ പരിസരവും എന്ന വിഷയം അടിസ്ഥാനമാക്കി പഠനം നടക്കും. ഭരണഘടനാ ഭേദഗതികൾ, പ്രമേയങ്ങൾ എന്നിവ യോഗത്തിൽ അവതരിപ്പിക്കും.
19 ന് രാവിലെ 7.30 ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ കുർബ്ബാന ശുശ്രൂഷ ആരംഭിക്കും. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ നേതൃത്വം നൽകും. തുടർന്ന് സഭയിലെ സജീവ സേവനത്തിൽ നിന്നു വിരമിച്ച വൈദികരെ ആദരിക്കും.