കാസർകോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പടെ ആറ് പേരെയും കാസർകോട് ജില്ലാ സെഷൻസ് കോടതികുറ്റവിമുക്തരാക്കി .കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസിന്റെ അന്തിമറിപ്പോർട്ട് നിയമപരമായി നിലനിൽക്കില്ലെന്നുമുള്ള സുരേന്ദ്രന്റെ വാദം കോടതി അംഗീകരിച്ചു.കെ സുരേന്ദ്രന്‍ ഉൾപ്പെടെ ആറു പേരാണ് കേസിൽ പ്രതികളായി കുറ്റപത്രത്തിൽ ചേർത്തിരുന്നത് .
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയ്‌ക്ക് രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും കോഴ നൽകി നാമ നിർദേശ പത്രിക പിൻവലിപ്പിച്ചു എന്നായിരുന്നു കേസ്. കെ.സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റേ,സുരേഷ് നായ്‌ക്ക്,യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്‌ക്ക് , ബിജെപി മുന്‍ ജില്ലാ അദ്ധ്യക്ഷൻ കെ. ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോഡ എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികൾ.