തൃശ്ശൂർ : പ്ലാസ്റ്റർ വെട്ടുന്നതിനിടെ നവജാത ശിശുവിന്റെ വിരൽ പാതി അറ്റുപോയതായി ആരോപണം.കുന്നംകുളം മലങ്കര ആശുപത്രിയിലാണ് ഗുരുതര ചികിത്സാപ്പിഴവ് ഉണ്ടായത് .പന്നിത്തടം സ്വദേശികളായ ജിത്തു-ജിഷ്മ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ പെൺകുഞ്ഞിന്റെ വലതുകൈയിലെ തള്ളവിരലാണ് അറ്റുപോയത്.
ജനുവരി 16-ന് ജനിച്ച കുഞ്ഞിന് ഇഞ്ചക്ഷൻ നൽകാനായി ഇന്നലെ പുലർച്ചെ നഴ്സുമാർ എൻഐസിയുവിലേക്ക് കൊണ്ടുപോകുകയായിരുന്നു.ഏറെ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ കിട്ടാതെ വന്നതോടെ അന്വേഷിച്ചപ്പോൾ ഇൻജക്ഷൻ എടുക്കുന്നതിനിടയിൽ ബ്ലെയ്ഡ് കൊണ്ട് കുഞ്ഞിന്റെ കൈയിൽ ചെറിയ മുറിവ് വന്നിട്ടുണ്ടെന്ന് ബന്ധുക്കളെ അറിയിച്ചു. എൻഐസിയുവിൽ ചെന്ന മാതാപിതാക്കൾ കണ്ടത് കുഞ്ഞിന്റെ വലതുകൈയിലെ തള്ളവിരലിന്റെ പകുതിഭാഗം മുറിഞ്ഞുപോയതായാണ് .കുഞ്ഞിന്റെ വിരലിന് പ്ലാസ്റ്റിക് സർജറി ചെയ്യണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായും ബന്ധുക്കൾ പറയുന്നു. കുന്നംകുളം പോലീസ് സ്‌റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകി.






