തൃശൂര്‍: ഫൈബര്‍ വള്ളം പിക്കപ്പ് വാന് മുകളില്‍ വെച്ചുകെട്ടി അപകടകരമായ യാത്ര. തിരുനെല്‍വേലിയില്‍ നിന്നും ബേപ്പൂരിലേക്കായിരുന്നു ഫൈബര്‍ വള്ളവുമായുള്ള യാത്ര. തൃശൂരില്‍ വച്ച് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വാഹനവും വളളവും പിടികൂടി. ഇതോടെ മോട്ടോര്‍ വാഹനവകുപ്പ് 27,500 രൂപ പിഴയിട്ടു.
പിക്കപ്പ് വാഹനത്തിന് ഫിറ്റ്നസും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും ഇല്ലാതെയാണ് ഈ ബോട്ട് തിരുനല്‍വേലിയില്‍ നിന്നും ബേപ്പൂരിലേക്ക് കൊണ്ടുപോയിരുന്നത്. തിരുനെല്‍വേലി സ്വദേശിയുടേതാണ് വാഹനം. ബേപ്പൂര്‍ സ്വദേശി സി പി മുഹമ്മദ് നിസാമിന്റേതാണ് ബോട്ട്.
ചെറിയ വാഹനത്തില്‍ മുന്നിലേക്കും പുറകിലേക്കും വശങ്ങളിലേക്കും തള്ളി നില്‍ക്കുന്ന രീതിയിലാണ് ബോട്ട് ഉണ്ടായിരുന്നത്. മാത്രമല്ല വാഹനം വളവുകള്‍ തിരിയുമ്പോള്‍ മറിയാനുള്ള സാധ്യതയും ഉണ്ടായിരുന്നു. അപകടകരമായ യാത്ര ശ്രദ്ധയില്‍പ്പെട്ട തൃശൂര്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി വി ബിജുവാണ് വാഹനം പിടിച്ചെടുത്തത്.
പുറത്തേക്ക് തള്ളി നില്‍ക്കുന്ന ലോഡ് കയറ്റിയതിന് 20000 രൂപയും ഫിറ്റ്‌നസിന് 3000 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2000 രൂപയും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപയും ചേര്‍ത്ത് ആകെ 27500 രൂപ പിഴചുമത്തി.






