ആലപ്പുഴ: മുസിരിസ് കനാല്‍ പൈതൃക പദ്ധതിയിലൂടെ ജില്ലയിലെ കനാലുകളുടെ സൗന്ദര്യവത്കരണം ഓഗസ്‌റ്റോടെ പൂര്‍ത്തിയാകും.കനാല്‍ സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് എം.എല്‍.എ.മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായത്. ഓഗസ്റ്റ് 10- ന് നടക്കുന്ന നെഹ്‌റുട്രോഫി ജലോത്സവത്തിനു മുന്നെയായി സൗന്ദര്യവത്കരണം പരമാവധി പൂര്‍ത്തിയാക്കും.
നഗരത്തിലെ വാടക്കനാലിന്റെയും കമേഷ്യല്‍ കനാലിന്റയും ഓരങ്ങളാണ് സൗന്ദര്യവത്കരിച്ച് വികസിപ്പിക്കുന്നത്. ചുങ്കം പഗോഡ റിസോര്‍ട്‌സ് മുതല്‍ വൈ.എം.സി.എ. ജംഗ്ഷന്‍ വരെ സി ആകൃതിയില്‍ എട്ട് കിലോമീറ്റര്‍ കനാലോരമാണ് ഇതില്‍പ്പെടുക. പങ്കാളിത്ത വിനോദസഞ്ചാര മാതൃതയിലാണ് പദ്ധതി നടപ്പാക്കുന്നത്. കനാല്‍ ഓരങ്ങളിലുള്ള സ്ഥാപനങ്ങളുടെ പങ്കാളിത്തം ഇതിനായി ഉറപ്പുവരുത്തിയിട്ടുണ്ട്. പൊതു, സ്വകാര്യ മേഖലകളില്‍ നിന്നായി 15 സ്ഥാപനങ്ങളും റോട്ടറി ക്ലബും ആലപ്പുഴ നഗരസഭയും മുന്നോട്ടുവന്നിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്ഥലം വികസിപ്പിച്ച് അഞ്ച് വര്‍ഷത്തേക്ക് പരിപാലിക്കാനുള്ള കരാറിലാണ് പ്രവര്‍ത്തനം ആരംഭിക്കുക.
സ്ഥാപനങ്ങള്‍ സി.എസ്.ആര്‍. ഫണ്ടാണ് മുഖ്യമായും ഇതിനായി ചെലവിടുന്നത്. കനാല്‍ പരിസരത്തെ മാലിന്യം നീക്കം ചെയ്യുന്നതും പാഴ്മരങ്ങല്‍ മുറിച്ചു മാറ്റുന്നതുമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നഗരസഭയുടെ സഹായത്തോടെ ഉടനടി ആരംഭിക്കും. കനാലോര വികസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.