പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ദുരൂഹതകൾ നീങ്ങണമെന്നും കലക്ടറെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്നും മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. നവീന്‍ ബാബുവിന്‍റെ മലയാലപ്പുഴയിലെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങ് മുതൽ നിരവധി ദുരൂഹതകള്‍ ഉണ്ട്. എഡിഎമ്മിന് താത്പര്യം ഇല്ലാതിരുന്നിട്ടും ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൻ്റെ സമയം തീരുമാനിച്ചത് ദിവ്യയുടെ സൗകര്യപ്രകാരമെന്ന് ആരോപണമുണ്ട്. മാധ്യമപ്രവർത്തകനെന്നെ പേരിൽ എത്തി വിവാദ പ്രസംഗം പകർത്തിയതിലും അന്വേഷണം വേണമെന്ന് മുരളീധരന്‍ പറഞ്ഞു.
പത്തുവര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ട കുറ്റകൃത്യത്തിൽ പങ്കുള്ള പി.പി.ദിവ്യക്ക് എതിരെ നിയമ നടപടിയിലേക്ക് സർക്കാർ കടക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവി ഒഴിഞ്ഞത് കൊണ്ട് കാര്യമില്ല.
പെട്രോൾ പമ്പ് അപേക്ഷകന് എതിരെയും കേസ് എടുക്കണം. അദ്ദേഹത്തിന് ഇതിനുള്ള ആസ്തിയും അനുവാദവും എങ്ങനെ കിട്ടി എന്ന് അന്വേഷിക്കണം. ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കിൽ കുടുംബം ആവശ്യപ്പെടുന്ന നീതിപൂർവമായ അന്വേഷണം സർക്കാർ ഉറപ്പുവരുത്തണമെന്ന് വി. മുരളീധരൻ കൂട്ടിച്ചേർത്തു.
ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ നവീൻ ബാബുവിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.സി പി എം നേതാവായ പി പി ദിവ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.