ആലപ്പുഴ: ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ അഭിമുഖ്യത്തില്‍ ഓണം ഖാദി മേള-2024 ജില്ലാതല ഉദ്ഘാടനം നാളെ (എട്ട്) രാവിലെ 10 മണിക്ക് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനാകും. കെ.സി. വേണുഗോപാല്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ് ആദ്യ വില്‍പന നടത്തും.
ഓഗസ്റ്റ് എട്ടു മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് ഓണം ഖാദി മേള സംഘടിപ്പിക്കുന്നത്. ചുരിദാര്‍ ടോപ്പുകള്‍, കുഞ്ഞുടുപ്പുകള്‍, വിവാഹ വസ്ത്രങ്ങള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, സില്‍ക്ക് സാരികള്‍, ദോത്തികള്‍, മെത്തകള്‍, തേന്‍, തേന്‍ ഉല്‍പ്പന്നങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഖാദി വസ്ത്രങ്ങളും ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും മേളയില്‍ വിപണനം ചെയ്യും. ഖാദിക്ക് 30 ശതമാനം വരെ ഗവണ്‍മെന്റ് റിബേറ്റ് നല്‍കും. ഖാദി ഗ്രാമ സൗഭാഗ്യ കളക്ടറേറ്റ് റോഡ് ആലപ്പുഴ, ഖാദി ഗ്രാമ സൗഭാഗ്യ കാളികുളം ചേര്‍ത്തല, ഖാദി സൗഭാഗ്യ പുതിയിടം കായംകുളം, ഖാദി സൗഭാഗ്യ ചാരുംമൂട്, ഖാദി സൗഭാഗ്യ വെണ്മണി എന്നിവിടങ്ങളിലാണ് മേള നടക്കുക.