ന്യൂഡൽഹി : ഇന്ത്യ പാക് സംഘർഷത്തിൽ പാകിസ്താന് കനത്ത നാശങ്ങൾ സംഭവിച്ചതായും പാകിസ്താൻ ഇന്ത്യക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയതായും ഇന്ത്യൻ സൈന്യം.നാവിക സേന കമഡോർ രഘു ആർ നായർ, വ്യോമസേന വിങ് കമാൻഡർ വ്യോമികാ സിങ്, കരസേന കേണൽ സോഫിയാ ഖുറേഷി എന്നിവർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാക്കിസ്ഥാന്റെ എല്ലാ പ്രത്യാക്രമണത്തെയും ഇന്ത്യ ശക്തമായി നേരിട്ടു. അവരുടെ നാല് വ്യോമസേനാ താവളങ്ങൾക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്തി. പാകിസ്ഥാന്‍റെ എയർ ഡിഫൻസ്, റഡാർ സംവിധാനങ്ങൾ നിർവീര്യമാക്കാൻ കഴിഞ്ഞു. നിയന്ത്രണരേഖയ്ക്ക് സമീപം പാക് പ്രതിരോധ സംവിധാനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി. അതിർത്തിയിലെ എല്ലാ വിമാനത്താവളങ്ങളും സുരക്ഷിതമാണ്.
കടലിലും, ആകാശത്തും, കരയിലുമുള്ള എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്താൻ ഇന്ത്യയും പാകിസ്താനും ധാരണയിലെത്തിയതായി കമഡോർ രഘു ആർ. നായർ പറഞ്ഞു .ഇന്ത്യൻ സൈന്യം പള്ളികൾ നശിപ്പിച്ചതായി പാകിസ്താൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും ആ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് ഇന്ത്യൻ സൈന്യമെന്നും വിങ് കമാൻഡർ വ്യോമികാ സിങ് പറഞ്ഞു. ഭാവിയിൽ സംഭവിച്ചേക്കാവുന്ന ആക്രമണങ്ങൾ നേരിടാൻ സൈന്യം പൂർണ സജ്ജരാണെന്നും സൈനിക വക്താക്കൾ അറിയിച്ചു