കൊച്ചി : നടൻ സൗബിൻ ഷാഹിറിന്റെ നിർമ്മാണ കമ്പനി പറവ ഫിലിംസ് 60 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.ആദായ നികുതി വകുപ്പിന്റെ പരിശോധന ഇന്നലെ രാത്രി 11 മണി വരെ നീണ്ടിരുന്നു. പ്രാഥമിക കണ്ടെത്തൽ മാത്രമാണ് നടത്തിയതെന്നും അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
മഞ്ഞുമ്മൽ ബോയ്സ് സിനിമയിലൂടെ ലഭിച്ച വരുമാനത്തിന് അനുസരിച്ച് നികുതി അടച്ചിട്ടില്ലെന്നതാണ് കണ്ടെത്തൽ.സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാൽ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്ന 44 കോടി രൂപ അടച്ചില്ല. ആദായനികുതി റിട്ടേണ്‍ കാണിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തി ഡ്രീം ബിഗ് വിതരണസ്ഥാപനത്തിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും.