പത്തനംതിട്ട : ജില്ലയിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചെങ്കിലും ഒഴിഞ്ഞുകിടക്കുന്നത് 4776 സീറ്റുകൾ.13859 കുട്ടികൾ ഇക്കുറി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചപ്പോൾ 9707 സീറ്റുകളിൽ പ്രവേശനം നടന്നു.9906 മെറിറ്റ് സീറ്റുകളിൽ7586 എണ്ണത്തിൽ പ്രവേശനം നൽകി.
മൂന്നാം അലോട്ട്മെൻ്റിന് ശേഷം ജനറൽ വിഭാഗത്തിൽ 6967 സീറ്റുകളിൽ കുട്ടികൾക്ക് പ്രവേശനം ലഭിച്ചു. 7637 സീറ്റുകളാണ് ആകെ ഉണ്ടായിരുന്നത്. ഇനി 670 സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി വിഭാഗം സംവരണ സീറ്റുകളിൽ 53 സീറ്റുകൾ ഇനി ഒഴിവുണ്ട്.
സ്പോർട്സ് ക്വാട്ടയിൽ 321 സീറ്റുകൾ ഉള്ളിടത്ത് 95 ൽ മാത്രമേ പ്രവേശനം നടന്നിട്ടുള്ളൂ. കമ്യൂണിറ്റി ക്വാട്ടയിൽ 858 സീറ്റുകളിൽ 420 കുട്ടികൾക്ക് പ്രവേശനമായി. മാനേജ്മെൻ്റ് ക്വാട്ടയിൽ ഇത്തവണ പ്രവേശനം കുറഞ്ഞു. 1750 സീറ്റുകളിൽ 156 സീറ്റുകളിൽ മാത്രമാണ് കുട്ടികൾ എത്തിയത്. അൺ എയ്ഡഡ് വിഭാഗത്തിൽ 1852 സീറ്റുകളിൽ 55 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്.
ഹ്യുമാനിറ്റീസ് ബാച്ചിലാണ് ഒഴിവ് ഏറെയുള്ളത്. സയൻസ് ബാച്ചിൽ ഗ്രാമീണ മേഖലകളിൽ ഒഴിവുണ്ട്. കൊമേഴ്സ് ബാച്ചിൽ ആവശ്യമായ കുട്ടികൾ ഇത്തവണ എത്തിക്കഴിഞ്ഞു.ഹ്യുമാനിറ്റീസ് – 2300, സയൻസ് -7350, കൊമേഴസ് – 3530 എന്നിങ്ങനെയാണ് ജില്ലയിലെ പ്ലസ് വൺ സീറ്റ് നില