തണ്ണിത്തോട്: മനുഷ്യജീവനും, സ്വത്തിനും സംരക്ഷണം ഉറപ്പാക്കുവാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കണമെന്നും വനനിയമങ്ങളുടെ വിഷയത്തിൽ തെരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട രൂപതാധിപൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. വന്യജീവികളുടെ ആക്രമണത്തിൽ നിന്നും മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കുക, വനനിയമങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കൗൺസിൽ ഓഫ് ചർച്ച്സ് കറൻ്റ് അഫേഴ്സ് കമ്മീഷൻ്റെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസം ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയോര മേഖലയിലെ ജനത നൊമ്പരപ്പെട്ടും ഭീതിയോടും ജീവിക്കുന്ന ഈ കാലഘട്ടത്തിൽ വനനിയമങ്ങളിൽ കാലോചിതമായി മാറ്റം വരുത്തുവാൻ ഭരണാധികാരികൾ തയ്യറാകണം മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. കെ.സി.സി പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.
കെ.സി.സി മുൻ പ്രസിഡൻ്റ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, മാർത്തോമ്മാ സഭാ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പാ, മലങ്കര സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കെ.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി. തോമസ്, കെ.സി.സി കറൻ്റ് അഫേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ നിതിൻ മണക്കാട്ടുമണ്ണിൽ, സോൺ സെക്രട്ടറി അനീഷ് തോമസ്, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ലിനോജ് ചാക്കോ, സ്മിജു ജേക്കബ്, റ്റിറ്റിൻ തേവരുമുറിയിൽ, ഫാ. ജോബിൻ ശങ്കരത്തിൽ, ഫാ. ഒ.എം ശമുവേൽ, ഫാ. സ്കോട്ട് സ്ലീബാ പുളിമൂടൻ, ഫാ. ബിബിൻ കെ. യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.