തിരുവല്ല : പാലായിൽ നിന്നും നിരണം പള്ളി സന്ദർശനത്തിനെത്തിയ സംഘത്തിലെ ഒരാളുടെ വിലപിടിപ്പുള്ള മൊബൈൽ ഫോൺ നഷ്ടപ്പെട്ട് മണിക്കൂറുകൾക്കകം പുളിക്കീഴ് പോലീസ് കണ്ടെത്തി നൽകി. പാലാ പള്ളി വികാരി സിറിൽ തയ്യിലിനൊപ്പം നിരണത്ത് എത്തിയ സംഘത്തിലെ, ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ മനക്കപ്പാടം റോഡിൽ കറുകംപള്ളിൽ വീട്ടിൽ സെന്നിച്ചൻ കുര്യന്റെ ഫോൺ ആണ് നിരണം ഓർത്തഡോക്സ് സെന്റ് തോമസ് ചർച്ചിന്റെ സമീപമുള്ള ചായക്കടയിൽ തിങ്കളാഴ്ച്ച ഉച്ചയോടെ 3.15 ന് ശേഷം നഷ്ടമായത്.
30000 രൂപയിലധികം വിലയുള്ള ഫോൺ പരിസരങ്ങളിലും, ഇവർ കയറിയ കടകളിലും അന്വേഷിച്ചിട്ട് കണ്ടെത്താനായില്ല. ഒടുവിൽ പുളിക്കീഴ് പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ അജിത് കുമാറിന്റെ നിർദേശപ്രകാരം എസ് ഐ കെ സുരേന്ദ്രൻ , ഫോണിന്റെ ലൊക്കേഷൻ കിട്ടാനായി ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടി. കിട്ടിയ ലൊക്കേഷൻ പിന്തുടർന്ന് പോലീസ് സംഘം അന്വേഷണം നടത്തി. രണ്ട് മണിക്കൂറോളം നീണ്ട തെരച്ചിലിനോടുവിൽ പള്ളിനിൽക്കുന്ന സ്ഥലത്തുനിന്നും 2 കിലോമീറ്ററോളം ദൂരെയുള്ള വർക്ക്ഷോപ്പിൽ നിന്ന് ഫോൺ കണ്ടെത്തി. എസ് ഐക്കൊപ്പം എസ് സി പി ഓ സുജിത്പ്രസാദ് , സി പി ഓമാരായ നിതിൻ തോമസ് ,അരുൺദാസ് എന്നിവരാണ് തെരച്ചിൽ നടത്തി ഫോൺ കണ്ടെത്തിയത്.
എസ് ഐ സുരേന്ദ്രനിൽ നിന്നും സെന്നിച്ചൻ ഫോൺ ഏറ്റുവാങ്ങി. തിരക്കുപിടിച്ച ഡ്യൂട്ടികൾക്കിടയിൽ തന്റെ ഫോൺ കണ്ടെടുത്ത് നൽകാൻ എടുത്ത ശ്രമങ്ങൾക്ക് പുളിക്കീഴ് പോലീസിനോടും സൈബർ സെല്ലിനോടും സെന്നിച്ചൻ നന്ദിയും അറിയിച്ചു.