തിരുവല്ല: കേരള നിയമസഭയിൽ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ നെൽ കർഷകരെ പൂർണ്ണമായി അവഗണിച്ചതിലും സർക്കാർ കാട്ടുന്ന കർഷക ദ്രോഹ നടപടികളിലും പ്രതിഷേധിച്ച് നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.
പെരിങ്ങര പഞ്ചായത്തിലെ കറുകയിൽപടി ജംഗ്ഷനിൽ നടന്ന യോഗത്തിൽ നെൽകർഷക സംരക്ഷണ സമിതി രക്ഷാധികാരി സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. (എൻ.കെ.എസ്.എസ്) സംസ്ഥാന വൈസ് പ്രസിഡൻ്റ് സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു.
നെല്ലിൻ്റെ താങ്ങുവില വർദ്ധിപ്പിക്കുക, കഴിഞ്ഞ 5 വർഷം സർക്കാർ സംഭരിച്ച നെല്ലിൻ്റെ വില എത്രയും വേഗം നൽകുക, കേന്ദ്ര സർക്കാർ വർഷം തോറും വർദ്ധിപ്പിക്കുന്ന താങ്ങുവില സംസ്ഥാന സർക്കാർ നൽകാതിരിക്കുന്ന നിലപാട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധയോഗം. സംസ്ഥാന സർക്കാരിൻ്റെ നിലപാടിൽ മാറ്റം വരുത്താത്ത സാഹചര്യത്തിൽ സമരപരിപാടികൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു. പ്രതിഷേധ സൂചകമായി ബജറ്റിൻ്റെ പകർപ്പ് കത്തിച്ചാണ് യോഗം അവസാനിച്ചത്.
സമിതി സംസ്ഥാന സെക്രട്ടറിമാരായ വിനോദ് കോവൂർ, സോണിച്ചൻ കളരിയ്ക്കൽ രാജൻ വറുഗീസ് എന്നിവർ പ്രസംഗിച്ചു. പാടശേഖര സമിതി ഭാരവാഹികളായ വി.കെ. ഗോപാലൻ , സുനിൽ സഖറിയ , സിബിച്ചൻ, ടോമിച്ചൻ, ജോയിസ് , സൂസി, മാത്യു ഉമ്മൻ. സന്ദീപ് തോമസ്, അനുരാജ്, അജു ഉമ്മൻ, വി.കെ. ചെല്ലപ്പൻ, പ്രസാദ് കറുകയിൽ, സുനിൽ, ജോർജ്ജുകുട്ടി, ബിജു മമ്പഴ , അനിൽ ഉള്ളമഠത്തിൽ ബിജു പനക്കുരിമ്പേൽ, ദാനിയേൽ ഇടിക്കുള, രാജു പട്ടട എന്നിവർ നേതൃത്വം നൽകി.