തിരുവനന്തപുരം : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ടതും ശബരിമല തീർത്ഥാടന പ്രാധാന്യം ഉള്ളതുമായ റോഡുകൾ നവംബർ 5 ന് മുൻപ് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ മാസ്‌കറ്റ് ഹോട്ടലിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന തലത്തിൽ ശബരിമല മണ്ഡല കാലത്തെ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൺവീനറായുള്ള ഒരു സ്പെഷ്യൽ കോർ ടീമിന് രൂപം നൽകിയിട്ടുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കൽ, റോഡ് സുരക്ഷ ഏർപ്പെടുത്തൽ, അപകടകരമായ മരങ്ങളും മരച്ചില്ലകളും നീക്കം ചെയ്യൽ, ഡ്രൈനേജ് സ്ലാബുകൾ ക്രമീകരിക്കൽ, സ്ട്രീറ്റ് ലൈറ്റുകളുടെ പ്രവർത്തനം എന്നിവ കോർ ടീമിന്റെ പരിശോധനയിൽ ഉറപ്പു വരുത്തും.ജില്ലകളിലെ റോഡ് പ്രവൃത്തികളുടെ കൺവീനർമാർ അതാത് ജില്ലകളിലെ നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർമാർ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു
ശബരിമലയുമായി ബന്ധപ്പെട്ട് ജില്ലകളിലെ റോഡുകളിൽ നിരന്തരമായി അപകടം ഉണ്ടാകുന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട ജില്ലാ കളക്ടറെയും പോലീസിനെയും അറിയിക്കും. റോഡ് പ്രവൃത്തികൾ നടക്കുന്നത് മൂലം ഗതാഗതം വഴി തിരിച്ചുവിടുന്നുണ്ടെങ്കിൽ അത് മുൻകൂട്ടി അറിയിക്കും. സുഗമമായതും അപകട രഹിതവുമായ ശബരിമല ഉത്സവകാലമാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നതെന്നും ഇതിനായി വകുപ്പ് ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.