തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു .കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് മുരാരി ബാബു.വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി 10 മണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത ഇദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിച്ചു ചോദ്യം ചെയ്തു .നേരത്തെ അറസ്റ്റിലായ ഉണ്ണികൃഷ്ണ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുരാരിയെ കസ്റ്റഡിയിൽ എടുത്തത്.
ദ്വാരപാക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ മുരാരി പ്രതിയാണ്. നിലവില്‍ മുരാരി ബാബു സസ്പെൻഷനിലാണ്.വിവിധ ക്ഷേത്രോത്സവങ്ങളിൽ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടും മുരാരി ബാബുവിനെതിരെ ആക്ഷേപമുണ്ട്. ആനയെ എഴുന്നള്ളിക്കാന്‍ സ്‌പോണ്‍സര്‍മാരില്‍നിന്ന് വലിയ തുക വാങ്ങിയെന്നാണ് ആക്ഷേപം.
അതേസമയം ശബരിമല സ്വർണക്കവർച്ച സംഭവത്തിൽ ഗുരുതര വീഴ്ചകളാണ് 2019-ൽ സന്നിധാനം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരിക്കെതിരേ വിജിലൻസ് കണ്ടെത്തിയത്. 1998-ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞ പാളികളാണ് സന്നിധാനത്തെ ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളപ്പടിയിലും തെക്ക് വടക്ക് മൂലകളിലെ തൂണുകളിലും ഉള്ളതെന്ന് മുരാരി ബാബുവിന് അറിയാമായിരുന്നു. എന്നിട്ടും കത്തുകൾ, റിപ്പോർട്ടുകൾ, മഹസറുകൾ എന്നിവയിൽ ചെമ്പു പാളി എന്ന് എഴുതി.
ഉണ്ണിക്കൃഷ്ണൻ പോറ്റി പാളികൾ കൊണ്ടുപോയിട്ടും 39 ദിവസത്തിനു ശേഷമാണ് ചെന്നൈയിലെത്തിച്ചത്. ഇത് വൈകിയത് എന്തു കൊണ്ടെന്ന് തിരക്കിയില്ല. പോറ്റി തിരികെക്കൊണ്ടുവന്ന പാളികൾ തൂക്കം നോക്കുന്നതിലും വീഴ്ചവന്നിരുന്നു. പാളികൾ ക്ഷേത്രസന്നിധിയിൽ നവീകരിക്കാമായിരുന്നു. അതുണ്ടായില്ല. പകരം ചെന്നൈ സ്മാർട്ട് ക്രിയേഷസിനെ പണിക്ക് ഏൽപ്പിക്കുന്നു എന്ന് പോറ്റി പറഞ്ഞിട്ടും എതിർത്തില്ല.