ഹരിപ്പാട് : ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് നടത്തിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 6 രോഗികളിൽ 2 പേർ മരിച്ചു. അണുബാധയെ തുടര്‍ന്നാണ് മരണം എന്ന ആക്ഷേപവുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്.
ഡിസംബർ 29ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്നും ഡയാലിസിസ് ചെയ്ത 26 രോഗികളിൽ ആറുപേർക്കാണ് കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. സംശയത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും ഉൾപ്പെടെ പരിശോധിച്ചെന്നും എന്നാല്‍ അവ അണുവിമുക്തമാണെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു.ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ബന്ധുക്കൾ പറഞ്ഞു.സംഭവത്തിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.






