മുംബൈ : പൂണെ ലോണാവാലയിൽ പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരു കുടുംബത്തിലെ ഏഴുപേർ ഒലിച്ചുപോയി.സംഭവത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർ രക്ഷപ്പെട്ടു.ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപത്തുവച്ചാണ് ഏഴംഗ കുടുംബം അപകടത്തിൽപ്പെട്ടത്.
മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം.നിരവധി വിനോദസഞ്ചാരികൾ ഈ സമയം പ്രദേശത്തുണ്ടായിരുന്നു.കനത്ത മഴയിൽ ഡാമിൽ നീരൊഴുക്ക് വർധിച്ചതോടെ പെട്ടന്നായിരുന്നു വെള്ളച്ചാട്ടത്തിന്റെ ശക്തി വർധിച്ചത്. ഇതോടെ ഇവർ വെള്ളച്ചാട്ടത്തിലേക്ക് വഴുതിവീഴുകയായിരുന്നു.