അടൂർ : സംസ്ഥാനത്ത് ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി തൊഴിൽ വൈദഗ്ധ്യം നൽകുന്നതിനായി അടൂർ വടക്കടത്ത് കാവ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ “സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ ” അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപമാർ അറിയിച്ചു.
അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും അനുഗുണമായ വൈദഗ്ധ്യം യുവജനങ്ങൾക്ക് നൽകുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസന കേന്ദ്രങ്ങൾ ഉറപ്പാക്കുക, 23 വയസിന് താഴെയുള്ള യുവാക്കൾക്ക് നൈപുണ്യ വിദ്യാഭ്യാസം പ്രാപ്യമാക്കുക, ഔപചാരിക വിദ്യാഭ്യാസത്തിനോടൊപ്പം തൊഴിൽ പരിശീലനം ലഭിക്കാത്ത കുട്ടികൾക്കും അതിനുള്ള അവസരം നൽകുക, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉപജീവനം ഉറപ്പാക്കുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം ലഭ്യമാക്കുക, കുട്ടികൾക്ക് സ്വയം സംരംഭകത്വത്തിനുള്ള ധാരണയും അനുഭവങ്ങളും അവസരവും നൽകുക എന്നിവയാണ് ഈ സെൻ്ററുകളുടെ ലക്ഷ്യം.
25 കുട്ടികൾ വീതം രണ്ട് ബാച്ചുകളാണ് ആരംഭിക്കുന്നത്. തികചും സൗജന്യമായാണ് അഡ്മിഷൻ നൽകുന്നത്. സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ പ്രവർത്തിപ്പിക്കുന്നതിനായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ രക്ഷാധികാരിയായും ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിപ്രസിഡൻ്റ് ആർ. തുളസീധരൻ പിള്ള(ചെയർമാൻ) ‘ജില്ലാ പഞ്ചായത്ത് മെമ്പർ, വാർഡ് മെമ്പർ, പ്രിൻസിപ്പൻ, ഹെഡ്മാസ്റ്റർ, പി.ടി.എ പ്രസിഡൻ്റ്, എസ്.എസ്. കെ യുടെ ബ്ലോക്ക് കോ-ഓർഡിനേകർ, തൊഴിൽ ശാലയുടെ പ്രതിനിധി, സ്കിൽ സെൻ്റർ കോ-ഓർഡിനേറ്റർ എന്നിവർ അംഗങ്ങളായ ഡെവലപ്പ്മെൻ്റ് കമ്മിറ്റി രൂപീകരിച്ചു.