പത്തനംതിട്ട : സ്ത്രീകൾക്കും കുട്ടികൾക്കുതിരായ അതിക്രമങ്ങൾ തടയുന്നത് ഉൾപ്പെടെ ശക്തമായ പോലീസ് നടപടികൾ ജില്ലയിൽ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസ്. ജില്ലയുടെ പുതിയ പോലീസ് മേധാവിയായി ചുമതലയേറ്റശേഷം ആദ്യമായി നടത്തിയ പത്രസമ്മേളനത്തിൽ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകിട്ട് 4.30 ന് എസ് പി യുടെ ചേമ്പറിലായിരുന്നു മാധ്യമങ്ങളെ കണ്ടത്. വർധിച്ചുവരുന്ന പോക്സോ ഉൾപ്പെടെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനും, കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കുന്നതിനും ശക്തമായ നിയമനടപടികൾ സ്വീകരിക്കും. കുട്ടികളുടെയും സ്ത്രീകളുടെയും എല്ലാത്തരം സുരക്ഷയും ഉറപ്പാക്കും.
ലഹരിവസ്തുക്കൾക്കെതിരായ നടപടികൾ കർശനമാക്കും, എസ് പി സി,എസ് പി ജി,ജനമൈത്രി, പി ടി എ കൾ തുടങ്ങിയവയുടെ സഹകരണത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരും. ലഹരിവസ്തുക്കളുടെ കടത്ത്, വില്പന എന്നിവയിൽ ഏർപ്ലെടുന്നവർക്കെതിരെ ഡാൻസാഫ്, ലോക്കൽ പോലീസ് എന്നിവ ഉപയോഗിച്ച് പരിശോധനകൾ ശക്തമാക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിയന്ത്രിക്കാൻ കാപ്പ നിയമം ഉൾപ്പെടെ പ്രയോജനപ്പെടുത്തി കർശന നടപടി സ്വീകരിക്കും. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാൻ നടപടി കൈക്കൊള്ളും. ആളുകൾ കബളിപ്പിക്കപ്പെടാതിരിക്കാൻ ധനകാര്യസ്ഥാപനഅധികൃതരുടെ സഹകരണത്തോടെ ബോധവൽക്കരണപരിപാടികൾ സംഘടിപ്പിക്കും.
പ്രായമേറിയവരും വിരമിച്ച ഉദ്യോഗസ്ഥരുമൊക്കെയാണ് ഏറെയും ഓൺലൈൻ തട്ടിപ്പുകളിൽ ഇരകളാവുന്നത്. ഇത്തരം കേസുകളുടെ അന്വേഷണത്തിൽ ബാങ്ക് അധികൃതരുടെ മികച്ച സഹകരണം അത്യാവശ്യമാണ്, ഇത്ഉറപ്പാക്കി തട്ടിപ്പുകാരെ നിയമത്തിനുമുന്നിൽ എത്തിക്കാൻ നടപടി കാര്യക്ഷമമാക്കും.
ജില്ലയിൽ മികച്ച പോലീസിങ് നടപ്പാക്കാൻ എല്ലാ മാധ്യമങ്ങളുടെയും സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ശ്രീകുമാർ, ഡി സി ആർ ബി ഡി വൈ എസ് പി ബിനു വർഗീസ്, കോന്നി ഡി വൈ എസ് പി ജി അജയ്‌നാഥ് തുടങ്ങിയവരും സന്നിഹിതരായി.