തിരുവനന്തപുരം : സപ്ലൈകോയുടെ 50-ാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ.50-ാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ജൂൺ 25 ന് രാവിലെ രാവിലെ 11:30ന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
നിലവിൽ 1600 ഓളം ഔട്ട്‌ലെറ്റുകൾ സപ്ലൈകോയ്ക്കുണ്ട്. ഇതിൽ അവശ്യസാധനങ്ങളുടെ വിൽപനയ്ക്ക് പുറമെ മെഡിസിൻ, പെട്രോളിയം, എൽ.പി.ജി, മണ്ണെണ്ണ എന്നീ മേഖലകളിലും പ്രവർത്തനം വ്യാപിപ്പിച്ചതായി മന്ത്രി പറഞ്ഞു.അമ്പതാം വാർഷികത്തോടനുബന്ധിച്ച് രണ്ട് സെയിൽസ് ഓഫറുകൾ ഉൾപ്പെടെ അഞ്ച് പദ്ധതികൾ സപ്ലൈകോ നടപ്പാക്കും.
പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്ന സ്ഥാപനമായ സപ്ലൈക്കോ എല്ലാ ഉത്പന്നങ്ങളും 5 മുതൽ 30 ശതമാനം വരെ വിലകുറച്ചാണ് നൽകുന്നത്. എന്നാൽ സബ്സിഡി ഉത്പന്നങ്ങൾ മാത്രം വിൽക്കുന്ന സ്ഥാപനമായി ബ്രാൻഡ് ചെയ്യുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്തതോടെ വിൽപന കുറഞ്ഞു.
മെഡിസിൻ, പെട്രോളിയം, എൽ.പി.ജി, എഫ് എം സി ജി ഉത്പന്നങ്ങൾ എന്നിവയുടെ വിൽപനയിൽ ലാഭത്തിലാണ് സപ്ലൈകോ. 8 വർഷക്കാലം വില വർദ്ധിപ്പിക്കാതെ അവശ്യസാധനങ്ങൾ വിൽപന നടത്തിയതിലൂടെ സപ്ലൈകോയ്ക്ക് വലിയ ബാധ്യത ഉണ്ടായിട്ടുണ്ട്. ഇതു പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ധനകാര്യ വകുപ്പുമായി ചർച്ച ചെയ്തു വരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.