അടൂർ : സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുവന്ന പ്രതി പരോളിൽ ഇറക്കിയ സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊലപ്പെടുത്തി.
പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ്കുമാർ (64) ആണ് കുടുംബ വീട്ടിൽ കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് 5.30 ന് ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സതീഷ് കുമാറിൻ്റെ മൂത്ത സഹോദരൻ മോഹനൻ ഉണ്ണിത്താനാണ് കൊലപ്പെടുത്തിയത്.
മാതാവിനെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ 17 വർഷമായി ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരത്തെ ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ
സഹോദരനായ സതീഷ്കുമാർ രണ്ടാഴ്ച മുമ്പാണ് ഇയാളെ പരോളിൽ ഇറക്കി വീട്ടിലെത്തിച്ചത്. ഇന്ന് പുറത്തു പോയി മദ്യപിച്ച് വന്ന മോഹനൻ ഉണ്ണിത്താനോട് മദ്യപിച്ച് വീട്ടിൽ വരരുതെന്ന് സതീഷ്കുമാർ താക്കീത് ചെയ്തു.
ഇതിൽ പ്രകോപിതനായ മോഹനൻ വീടിനുള്ളിലേക്ക് കയറിയ ശേഷം ഉലക്കയുമായി തിരികെയെത്തി സതീഷ് കുമാറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സ്ഥലത്ത് എത്തിയ അടൂർ പൊലീസ് മോഹനൻ ഉണ്ണിത്താനെ കസ്റ്റഡിയിലെടുത്തു. സഹോദരങ്ങളായ രണ്ടു പേരും അവിവാഹിതമാണ്