പത്തനംതിട്ട : കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ നടന്നിട്ടില്ലാത്തത്ര തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടയില്‍ ശബരിമലയില്‍ നടന്നതെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്ഷേത്രവിശ്വാസമില്ലാത്ത ഒരു കൂട്ടം ആള്‍ക്കാര്‍ ഭക്തജനങ്ങള്‍ നല്‍കിയ കാണിക്ക പോലും അടിച്ചു മാറ്റി. കേരളത്തിനകത്തും പുറത്തുമുള്ള അയ്യപ്പഭക്തന്മാരെ ചതിച്ച കഥകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ഒമ്പതര വര്‍ഷമായി ദേവസ്വം ഭരണം കയ്യാളിയ ദേവസ്വം പ്രസിഡന്റുമാരും ദേവസ്വം മന്ത്രിമാരും ഭക്തി തൊട്ടുതീണ്ടിയിട്ടില്ലാത്തവരോ കപടഭക്തന്മാരോ ആയതു കൊണ്ടാണ് പരിപാവനമായ ശബരിമലയില്‍ പോലും ഭഗവാനു വെച്ച കാണിക്ക പോലും അടിച്ചു മാറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇവര്‍ വിശ്വാസ സമൂഹത്തെ കബളിപ്പിക്കുകയാണ്. ആചാരലംഘനം അടക്കമുള്ളവയ്ക്കു നേതൃത്വം നല്‍കി.
1999 ല്‍ വിജയ് മല്യ സ്വര്‍ണം പൂശി നല്‍കിയ ദ്വാരപാലക ശില്‍പങ്ങളാണ് ദേവസ്വം രേഖകളില്‍ ചെമ്പാക്കി വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന ബിനാമിക്കു നല്‍കിയത്. ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ നിന്ന് ഇളക്കിക്കൊടുത്ത സ്വര്‍ണം പൂശിയ പാളികളല്ല തങ്ങളുടെ അരികില്‍ വന്നത് എന്നും വേറെ ചെമ്പുപാളികളിലാണ് സ്വര്‍ണം പൂശി നല്‍കിയത് എന്നും ഉണ്ണികൃഷ്ണന്‍ പോറ്റിക്കു വേണ്ടി സ്വര്‍ണം പൂശിയ കമ്പനി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് പറയുന്നു വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






