തിരുവല്ല: താലൂക്കില്‍ വിവിധ ഇടങ്ങളില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. ചടങ്ങുകൾ വിവിധ യിടങ്ങളിൽ നാളെ പുലർച്ചെ മുതൽ ആരംഭിക്കും. ഇത്തവണ കൂടുതൽ തിരക്ക് പരിഗണിച്ചും ഒരേ സമയം നൂറിലധികം പേർക്ക് കർമ്മങ്ങൾ ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ ഇടവിട്ട സമയങ്ങളിൽ മഴ ശക്തമായെങ്കിലും സംഘാടകർ വേണ്ട ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവല്ല കിഴക്കുംമുറി 780-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കരയോഗം സ്കൂളിന് സമീപം ഓതറക്കടവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ നാലുമണിക്ക് ബലി തർപ്പണം തുടങ്ങും.
സേവാഭാരതി തിരുവല്ലയുടെ നേതൃത്വത്തിൽ മതിൽഭാഗം ചക്രക്ഷാളന കടവിൽ കർക്കടക വാവുബലി നാളെ പുലർച്ചെ മൂന്നിന് ആരംഭിക്കും.
പമ്പ മണിമല ഹിന്ദുധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പമ്പ മണിമല സംഗമഭൂമിയായ ഇരമല്ലിക്കര വളഞ്ഞവട്ടം കീച്ചേരിൽ കടവിൽ പുലർച്ചെ മൂന്നര മുതൽ ബലിതർപ്പണം ആരംഭിക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും തർപ്പണം ചെയ്യാൻ പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്. പരിഷത്ത് നഗറിൽ വൈദ്യസഹായവും ആംബുലൻസ് സേവനവും ലഭ്യമാണ്.
കല്ലൂപ്പാറ ഭഗവതി ക്ഷേത്രക്കടവിൽ പുലർച്ചെ 5.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ ബലിതർപ്പണവും പിതൃപൂജയും നടക്കും. കുറിച്ചി പുതുമന ഇല്ലത്ത് മോഹനൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ബലിതർപ്പണം നടക്കുക.
ഇരുവള്ളിപ്പറ കദളിമംഗലം ദേവീക്ഷേത്രക്കടവിൽ പുലർച്ചെ 4.30 മുതൽ 10.30 വരെ ബലി തർപ്പണ കർമങ്ങൾ നടക്കും. ഇതോടനുബന്ധിച്ച് പിതൃപൂജയും തിലഹോമവും ഉണ്ടായിരിക്കും.
തലയാർ വഞ്ചിമൂട്ടിൽ ക്ഷേത്രക്കടവിൽ പുലർച്ചെ 4.30 മുതൽ ബലിതർപ്പണം തുടങ്ങും.
എസ്എൻഡിപി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ പുലർച്ചെ 3 മുതൽ മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നഗറിൽ മണിമലയാറിന്റെ തീരത്ത് പിതൃബലി തർപ്പണം നടക്കും. വൈദികയോഗം രക്ഷാധികാരി ഷാജി ശാന്തിയുടെ നേതൃത്വത്തിൽ ഗണപതി ഹവനം, തിലഹവനം, പിതൃബലി, പിതൃപൂജ, കൂട്ടനമസ്‌കാരം എന്നിവ ഉണ്ടായിരിക്കും.






