തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തിരുവനന്തപുരത്ത് ആരംഭിച്ചു .കെഎ സ് ആർടിസി സ്വിഫ്റ്റ് ആസ്ഥാനമായ ആനയറയിൽ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉത്ഘാടനം നിർവഹിച്ചു.
വാഹനമോടിക്കുന്നതിന് കൃത്യമായ പരിശീലനം നൽകി കേരളത്തെ റോഡ് സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം എന്ന സന്ദേശവുമായിയാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ പറഞ്ഞു . ഡ്രൈവിങ് പാഠപുസ്തകം, ഡ്രൈവിങ് പഠനത്തിനുള്ള ആപ്പ്, മോക് എക്സാമിനേഷൻ, സിമുലേറ്റർ തുടങ്ങിയവയടക്കം എല്ലാ ആധുനിക സൗകര്യങ്ങളൊടെയുമാണ് സ്‌കൂൾ പ്രവർത്തിക്കുക.
സംസ്ഥാനത്തെ 22 ഇടങ്ങളിൽ ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ 14 ഇടങ്ങളിലാണ് സ്‌കൂൾ പ്രവർത്തനം തുടങ്ങുകയെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല, ഈഞ്ചക്കൽ, ആറ്റിങ്ങൽ, ആനയറ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാല, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, എടപ്പാൾ, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങിലാണ് ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുക.