ആറന്മുള: മാസങ്ങളായി വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞുവന്നിരുന്ന അനാഥനായ വൃദ്ധനെ ആറന്മുള ജനമൈത്രി പോലീസ് അടൂരുള്ള അനാഥാലയത്തിൽ പ്രവേശിപ്പിച്ചു. മാസങ്ങളായി ആറന്മുള കോഴിപ്പാലം ബസ് സ്റ്റോപ്പിലെ വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞുവന്നിരുന്ന ഇടയാറന്മുള തെക്കേവശത്ത് വീട്ടിൽ കേശവനെയാണ് (90) അടൂർ മഹാത്മ ജനസേവനകേന്ദ്രം അധികൃതർക്ക് കൈമാറിയത്.
ബന്ധുക്കളാരുമില്ലാത്ത വൃദ്ധൻ അവശനിലയിലയിൽ ബസ് സ്റ്റോപ്പിൽ കാണപ്പെട്ടത് വഴിയാത്രക്കാർ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസറായ ഷംലയെ അറിയിക്കുക ആയിരുന്നു
ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിന്റെ പ്രവർത്തകരെ വിവരം അറിയിച്ചതിനെത്തുടർന്ന് സഹായത്തിനായി പോലീസിനെ സമീപിക്കുകയും പത്തനംതിട്ട ഡി വൈ എസ് പി ന്യൂമാന്റെ നിർദ്ദേശപ്രകാരം ആറന്മുള പോലീസ് ഇൻസ്പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിൽ എസ് ഐമാരായ വിഷ്ണു, ശിവപ്രസാദ്, എസ് സി പി ഒമാരായ താജുദ്ദീൻ, ബിന്ദുലാൽ, സി പി ഒ ബിനു എന്നിവർ ചേർന്ന് ജനസേവനകേന്ദ്രം പ്രവർത്തകർക്ക് കേശവനെ കൈമാറുകയുമായിരുന്നു.