പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേട് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആസ്പത്രികളുടെ അവസ്ഥ ദുരിത പൂർണ്ണമാക്കി. ഇതിന് ആരോഗ്യമന്ത്രി വീണ ജോർജ് മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ ആവശ്യപ്പെട്ടു.
സർക്കാർ ആസ്പത്രികളിൽ എത്തുന്ന നിർധനരായ രോഗികളുടെ അടിയന്തിര ശസ്ത്രക്രിയകൾ വരെ മാറ്റി വയ്ക്കേണ്ടി വരുന്ന അവസ്ഥ വളരെ ദയനീയമാണ്.സർക്കാർ ആസ്പത്രികളിൽ ആവശ്യമായ ആധുനിക ഉപകരണങ്ങൾ അടിയന്തിരമായി എത്തിച്ച് ഈ ദുരവസ്ഥക്ക് പരിഹാരം കണ്ടില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പത്തനംതിട്ട ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന മീഡിയ സോഷ്യൽ മീഡിയ പ്രഭാരിയും ജില്ലാ പ്രഭാരിയമായ അനൂപ് ആൻറണി മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ , സംസ്ഥാന സമിതിയംഗങ്ങളായ ബി.രാധാകൃഷ്ണമേനോൻ , ടി.ആർ അജിത്ത്കുമാർ ,കർഷക മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജി. ആർ നായർ , ജില്ലാ ജനറൽ സെക്രട്ടറിമാരായ അയിരൂർ പ്രദീപ്, അഡ്വ.കെ. ബിനുമോൻ ,വിജയകുമാർ മണിപ്പുഴ എന്നിവർ സംസാരിച്ചു.






