കൊച്ചി : ശബരിമല സന്നിധാനത്തെ പുതിയ ഭസ്മക്കുളം നിർമിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഉന്നതാധികാര സമിതിയെ അറിയിക്കാതെയാണ് നിർമാണ പ്രവർത്തനം ആരംഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ.
നിരവധി ഭക്തർ വരുന്ന ശബരിമലയിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് പൊലീസ്, സ്പെഷൽ കമ്മിഷണർ, ശബരിമല ഉന്നതാധികാര സമിതി എന്നിവരുമായി കൂടിയാലോചന നടത്തി വേണം എന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഓർമ്മിപ്പിച്ചു.
എന്നാൽ തീരുമാനം സ്പെഷ്യൽ കമ്മിഷണറെ അറിയിച്ചിരുന്നു എന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ബോർഡ് സാവകാശം തേടി.രണ്ടാഴ്‌ചയ്ക്കുശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും. ഇപ്പോഴുള്ള സ്ഥലത്ത് ശുചിത്വക്കുറവുണ്ടെന്ന വിലയിരുത്തലിൽ ഞായറാഴ്ചയാണ് സന്നിധാനത്ത് പുതിയതായി നിര്‍മിക്കുന്ന ഭസ്മക്കുളത്തിന് തറക്കലിട്ടത്.