കോഴഞ്ചേരി: എൽഡിഎഫ് ഭരിക്കുന്ന കോഴഞ്ചേരി പഞ്ചായത്തിൽ ഭരണ സമിതിക്ക് പിന്തുണ നല്‍കി വന്ന സ്വതന്ത്ര അംഗം തൻ്റെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഒറ്റയാൾ പ്രതിഷേധം നടത്തി.
സമരം തുടങ്ങി 5 മണിക്കുറിനുള്ളിൽ ആവശ്യം അംഗീകരിക്കാമെന്ന ഭരണ സമിതിയുടെ ഉറപ്പിന്മേൽ പഞ്ചായത്ത് അംഗം സമരം അവസാനിപ്പിച്ചു
പഞ്ചായത്ത് ഒന്നാം വാർഡംഗം ടി.ടി. വാസു ആണ് ” കാര്യസാദ്ധ്യ”ത്തിന് താൻ തന്നെ പിന്തുണ നൽകുന്ന പഞ്ചായത്ത് ഭരണ സമിതിയ്ക്ക് മുൻപാകെ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധ സമരം നടത്തിയത്.
കോഴഞ്ചേരി പഞ്ചായത്ത് ഓഫിസിന് മുൻപിൽ വ്യാഴം രാവിലെ 10 മുതൽ ആരംഭിച്ച ഒറ്റയാൾ പ്രതിഷേധത്തിന് മുൻപിലാണ് ഉച്ച കഴിഞ്ഞു 3 മണിയോടെ അധികൃതർ മുട്ടു മടക്കിയത്. ഒന്നാം വാർഡിലെ അങ്കണവാടി കെട്ടിടത്തിന് ചുറ്റുമതിൽ നിർമിക്കുന്നതിന് അടുത്ത സാമ്പത്തിക വർഷം തുക അനുവദിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് രേഖാമൂലം എഴുതി നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് പഞ്ചായത്ത് അംഗം ടി.ടി. വാസു പറഞ്ഞു. കോണ്‍ഗ്രസ് വിമതനായി ഒന്നാം വാർഡിൽ നിന്ന് വിജയിച്ച വാസു ആദ്യം യു.ഡി.എഫ്. ഭരണത്തിന് ഒപ്പമായിരുന്നു.
പിന്നീട് എല്‍.ഡി.എഫ്. അവതരിപ്പിച്ച അവിശ്വാസത്തിന് പിന്തുണ നല്‍കി. തുടര്‍ന്ന് ഭരണ മാറ്റം ഉണ്ടായപ്പോള്‍ എല്‍. ഡി.എഫിന് ഒപ്പം നിന്നു. കേരള കോണ്‍ഗ്രസിലെ രണ്ട് അംഗംങ്ങള്‍ കൂടിഎത്തിയപ്പോഴാണ് പഞ്ചായത്ത് ഭരണത്തിൻ്റെ ഭൂരിപക്ഷം എൽഡിഎഫിന് ലഭിച്ചത്. സി.പി.എമ്മിന് രണ്ട് അംഗങ്ങള്‍ ഉണ്ടായിട്ടും കേരള കോണ്‍ഗ്രസിന് പ്രസിഡൻ്റ് പദം നല്‍കിയാണ് ഭരണം ഇപ്പോൾ നടക്കുന്നത്
എന്നാല്‍ ഇതിന് കാലാവധി ഉണ്ടെന്നും ഇത് നടപ്പിലാകുന്നില്ല എന്നും ആരോപണമുണ്ട്. ഇതിനിടയിലാണ് സ്വതന്ത്രന്റെ ഒറ്റയാള്‍ പ്രതിഷേധ സമരങ്ങൾ ഭരണ സമിതിയ്ക്ക് തലവേദനയാകുന്നത്
സി.പി. എമ്മില്‍ നിന്നും സോണി കൊച്ചുതുണ്ടിയിലോ, ബിജിലി പി ഈശോയോ പഞ്ചായത്ത് പ്രസിഡൻ്റ് ആകും എന്ന് കരുതിയിരുന്നിടത്താണ് കേരള കോണ്‍ഗ്രസ് അംഗത്തിന് സ്ഥാനം നല്‍കിയത്. ഇതിനെ തുടക്കം മുതല്‍ തന്നെ ടി.ടി. വാസു എതിര്‍ത്തിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ഏതാനും കമ്മറ്റികളില്‍ പ്രസിഡന്റും സി.പി.എം അംഗം സോണി കൊച്ചുതുണ്ടിയിലും തമ്മില്‍ കടുത്ത വാദപ്രതിവാദം നടക്കുകയും ചെയ്തിരുന്നു.
തെക്കേമല ജംക്ഷനിൽ പൊക്ക വിളക്ക് തെളിയാത്ത വിഷയമായിരുന്നു ഇതിന് പ്രധാന കാരണം. വിളക്ക് കത്താതായിട്ട് ഒരു വര്‍ഷം കഴിയുമ്പോഴും നന്നാക്കുന്നില്ലെന്നും ഇതില്‍ അഴിമതി ഉണ്ടെന്നും സോണി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ടി.ടി.വാസുവും പ്രതിഷേധവുമായി യോഗത്തിന് എത്തിയത്. കമ്മറ്റിയില്‍ ഭരണ -പ്രതിപക്ഷ അംഗങ്ങളെ ശക്തമായ ഭാഷയില്‍ വാസു വിമര്‍ശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ പഞ്ചായത്ത് ഓഫിസിന് മുൻപിൽ ഒറ്റയാൾ പ്രതിഷേധ സമരവും നടത്തിയത്.