പ്രസംഗത്തിലെ അവകാശവാദങ്ങളത്രയും യാഥാർത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്തതാണ്. എന്നിട്ടും അവ സർക്കാർ നേട്ടങ്ങളുടെ പട്ടികയായി നിരത്തുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിനു തുല്യമാണ്.
വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ അപായപ്പെടുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്ന പശ്ചാത്തലത്തിൽ മനുഷ്യ – വന്യജീവി സംഘർഷവും മനുഷ്യനഷ്ടവും കുറഞ്ഞു തുടങ്ങിയെന്ന അവകാശവാദം ആളുകളെ ചിരിപ്പിക്കും . വനം മന്ത്രിക്ക് കേരളത്തിലെ പല ഭാഗങ്ങളിലൂടെയും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥാവിശേഷം നിലനിൽക്കുമ്പോഴാണ് ഈ അവകാശവാദം
നെല്ല്, റബർ തുടങ്ങിയവയുടെ താങ്ങുവിലയെകുറിച്ച് പരാമർശിക്കുക പോലും ചെയ്യാതെ കാർഷിക മേഖലയെ അപ്പാടെ അവഗണിച്ചിരിക്കുന്നു. ചെന്നുപെട്ടിരിക്കുന്ന സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാനുള്ള പരിപാടികളോ ദിശാബോധമുള്ള ഒരു ഗവൺമെന്റിന്റെ പ്രഖ്യാപനങ്ങളോ ഒന്നുമില്ലാതെ കടമ നിർവഹിക്കാനുള്ള വാചാടോപം മാത്രമായി നയ പ്രഖ്യാപന പ്രസംഗത്തെ പിണറായി സർക്കാർ തരംതാഴ്ത്തിയിരിക്കുകയാണെന്നും പുതുശ്ശേരി പറഞ്ഞു.