ആലപ്പുഴ: സുനാമി പോലുള്ള ഒരു വലിയ ദുരന്തമുണ്ടായാൽ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം എന്നതിന്റെ നേര്‍ക്കാഴ്ച്ചയായി സുനാമി പ്രതിരോധ മോക്ഡ്രില്‍. തദ്ദേശ സ്വയംഭരണ സ്ഥാപനതല സുനാമി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെ 8,9 വാർഡ്തോട്ടപ്പള്ളി പൂത്തോപ്പ് പരിസരത്ത് സംഘടിപ്പിച്ച ദുരന്ത പ്രതിരോധ പരിശീലന പരിപാടി – സുനാമി റെഡി പ്രോഗ്രാമാണ് ആദ്യം കാഴ്ച്ചക്കാരിൽ ആശങ്കയും പിന്നീട് കൗതുകവുമായത്.
ഇന്‍കോയിസ്, കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, പുറക്കാട് ഗ്രാമപഞ്ചായത്ത്, കാലടി ശ്രീ ശങ്കരചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഡിസാസ്റ്റർ സ്റ്റഡീസ് എന്നിവ സംയുക്തമായാണ് സുനാമി മോക് ഡ്രില്‍ നടത്തിയത്.
വൈകിട്ട് 3 ന് ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേറ്റിങ് സെന്ററില്‍ നിന്ന് സുനാമി മുന്നറിയിപ്പ് സന്ദേശം ലഭിച്ചതോടുകൂടി മോക്ഡ്രില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. 3.45 ന് രണ്ടാമത്തെ സുനാമി വാണിംഗ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് താലൂക്ക് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമില്‍ നിന്ന് പഞ്ചായത്തിലേക്ക് സുനാമി മുന്നറിയിപ്പ് സന്ദേശം നല്‍കി പ്രദേശത്ത് അനൗണ്‍സ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.
മുന്നറിയിപ്പ് അനൗണ്‍സ്‌മെന്റ് വന്നതോടെ ആളുകളെ കൂട്ടത്തോടെ കടലോരത്ത് നിന്നും ഒഴിപ്പിച്ചുതുടങ്ങി. എല്ലാ സന്നാഹങ്ങളുമായി പുറപ്പെട്ട വാഹനങ്ങള്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ വീടുകളിലെത്തി മുന്നറിയിപ്പ് നല്‍കി അവരെ ഒഴിപ്പിക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട മോക്ക്ഡ്രില്ലില്‍ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതും മാറ്റിപ്പാര്‍പ്പിക്കുന്നതും പ്രാഥമിക ചികിത്സ നല്‍കുന്നതും ഗുരുതരമായ അപകടം വന്നവരെ ആശുപത്രിയിലേക്ക് മാറ്റുന്നതുമെല്ലാം കൃത്യതയോടെ ദുരന്തനിവാരണസേന അവതരിപ്പിച്ചു.
ഇൻസിഡന്റ് കമാൻഡറായ അമ്പലപ്പുഴ ഡി വൈ എസ് പി രാജേഷിന്റെ നേതൃത്വത്തിൽ പൊലീസ്, ഫയര്‍ഫോഴ്‌സ്, കോസ്റ്റല്‍ പൊലീസ്, റവന്യൂ, ഫിഷറീസ്, ഐ റ്റി ബി പി, ആരോഗ്യവകുപ്പ്, റെസ്‌ക്യൂ ടീം, അംഗൻവാടി ജീവനക്കാർ, ഹെൽപ്പർമാർ, കടലോര ജാഗ്രത സമിതി അംഗങ്ങൾ എന്നിവർ ആളുകളെ ഒഴിപ്പിക്കുന്നതിനും രക്ഷാ പ്രവർത്തനത്തിനും നേതൃത്വം നൽകി.