തിരുവല്ല: ശക്തമായ കാറ്റിലും മഴയിലും പെരിങ്ങരയിലും കുറ്റൂരിലും വ്യാപക നാശം വിതച്ചു. നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി വീടിന് മുകളിലേക്കും വൈദ്യൂതി ലൈനിലേക്കും വീണു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിയോടെ വീശിയടിച്ച കാറ്റിലും മഴയിലും പലയിടങ്ങളിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് ജനങ്ങളെ പരിഭാന്തരാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായെങ്കിലും കാറ്റ് പൊതുവെ കുറവായിരുന്നു. മിക്കയിടങ്ങളിലും മരക്കൊമ്പ് വീണ് വൈദ്യൂതി ലൈനുകൾ തകരാറിലായിട്ടുണ്ട്. സംഭവത്തെ തുടർന്ന് ചിലയിടങ്ങളിൽ ഇതുവരെയായി വൈദ്യൂതി പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. നാല് ദിവസമായി ചെയ്യുന്ന മഴയിൽ അപ്പർ കുട്ടനാട്ടിൽ മിക്കയിടങ്ങളിലും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ് ഇതിനാൽ കെ എസ് ഇ ബി അധികൃതർക്ക് ചെന്ന് എത്താൻ സാധിച്ചിട്ടില്ല. എങ്കിലും ശ്രമം തുടരുകയാണ്.
പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്നു വീണു. പെരിങ്ങര നെന്മേലിൽ പ്രഭാകരൻ നായരുടെ വീടിന്റെ മുകളിലേക്ക് മാവ് കടപുഴകി വീണ് മേൽക്കൂരയ്ക്ക് കേടു വന്നു. പെരിങ്ങര 98-ാംഅംഗൻവാടി പ്രവർത്തിക്കുന്ന ദേവകി സദനത്തിൽ രാജശേഖരന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് മേൽക്കൂരയ്ക്ക് കേടു ഉണ്ടായി. പെരിങ്ങര മഠത്തിലോട്ടു പടി പെരുമ്പ്രാൽ റോഡിൽമരം വീണ് വൈദ്യൂത തൂൺ ഒടിഞ്ഞു വീണു. കിഴക്കേ മഠത്തിൽ സന്തോഷിൻ്റെ വീടിൻറെ മുകളിലേക്ക് തേക്ക് മരം വീണു. മിക്കയിടങ്ങളിലും പ്രദേശവാസികളും കെ എസ് ഇ ബി അധികൃതർ എത്തിയാണ് മരം മുറിച്ച് നീക്കിയത്.
തിരുവല്ല നഗരസഭ, നെടുമ്പ്രം, കടപ്ര നിരണം മേഖലകളിലും മഴയും കാറ്റും ശക്തമായതിനെ തുടർന്ന് പലയിടങ്ങളിലും നാശം ഉണ്ടായിട്ടുണ്ട്. കുറ്റൂർ തെങ്ങേലി ഏറ്റുകടവ് കോഴിയാപുഞ്ച റോഡിൽ പോത്തളത്ത് പി.ഡി സോമരാജന്റെ ക്രിസ്തുമസ് ട്രി മരം ഒടിഞ്ഞ് ലൈനിൽ വീണു വാഹന ഗതാഗതം തടസ്സപ്പെട്ടു. കുറ്റൂർ ചിറ്റയ്ക്കാട്ട് ശിവജ്യോതിയിൽ വിനോദിന്റെ വീടിന്റെ മുകളിലേക്ക് ആഞ്ഞിലി മരം കടപുഴകി വീണു.