അടൂർ : പത്തനംതിട്ട ജില്ലയിൽ ക്ഷേത്രങ്ങളിലെ മോഷണങ്ങൾ തുടർക്കഥയാകുന്നു. തിരുവല്ല, കോട്ട -ആറന്മുള, വള്ളിക്കോട് തൃപ്പാറ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ മോഷണങ്ങൾക്ക് പിന്നാലെ ഇന്നലെ(ശനി) രാത്രി മണ്ണടി പഴയകാവ് ദേവീ ക്ഷേത്രത്തിൽ മോഷണം നടന്നു
ക്ഷേത്ര ജീവനക്കാർ ഇന്ന് രാവിലെ ആണ് മോഷണ വിവരം അറിയുന്നത്. മോഷണം നടത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചു. ശ്രീകോവിലിന് മുൻപിലെ സോപാന വഞ്ചിയും ഭൂതത്താൻ നടയിലെ വഞ്ചിയുമാണ് മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് കുത്തിത്തുറന്നത്. രാത്രി 10.30 നാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ കടന്നത്. ഒരു ലക്ഷത്തോളം രൂപ മോഷണം പോയെന്നാണ് പ്രാഥമിക വിവരം
പാട്ടമ്പലത്തിലെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ഉള്ളിലെ ചെറിയ വഞ്ചിയും കുത്തി തുറന്നിട്ടുണ്ട്. ക്ഷേത്രം മാനേജരും കഴകക്കാരനും ചേർന്ന് ഇന്ന് രാവിലെ ചുറ്റുവിളക്ക് കത്തിക്കുമ്പോഴാണ് കാണിക്ക വഞ്ചി പൊളിച്ച നിലയിൽ കണ്ടത്.
കഴിഞ്ഞ മാസം 13 നാണ് കാണിക്ക വഞ്ചികൾ ക്ഷേത്ര ഭാരവാഹികൾ ഏറ്റവും ഒടുവിൽ തുറന്നത്. ഏനാത്ത് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.