അടൂർ : വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തതിന്റെ ഭാഗമായി സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ആധുനിക നിലവാരത്തിലുള്ള ലാബുകള്‍, കളിസ്ഥലം, ഓഡിറ്റോറിയം, തുടങ്ങി സമഗ്രമായ വികസനമാണ് നടത്തുന്നത്. മൂന്നുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച അടൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ക്ലാസ് മുറികള്‍ ഹൈ ടെക് ആക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കും. സ്‌കൂളിന്റെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ക്ക് പകരം പുതിയവ നിര്‍മിക്കുന്നതിന് ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി. ബി. ഹര്‍ഷകുമാര്‍, വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ ബി. ആര്‍. അനില, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.