ആലപ്പുഴ: വൃശ്ചിക വേലിയേറ്റവുമായി ബന്ധപ്പെട്ട് കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഉപ്പുവെളളം കയറുന്നത് ഒഴിവാക്കുന്നതിനായി തണ്ണീര്‍മുക്കം ബണ്ടിന്റെ 28 ഷട്ടറുകള്‍ വേലിയേറ്റത്തിന്റെ തോതനുസരിച്ച് നവംബർ 12 മുതൽ ക്രമീകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗ്ഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
തോമസ് കെ.തോമസ് എം.എല്‍.എ പങ്കെടുത്തു. നടപടി സ്വീകരിക്കുന്നതിന് എക്‌സി. എഞ്ചിനിയര്‍, ഇറിഗേഷന്‍ (മെക്കാനിക്കല്‍) ആലപ്പുഴയെ ചുമതലപ്പെടുത്തി.
ഷട്ടറുകള്‍ ക്രമീകരിക്കുമ്പോള്‍ ഇരുവശങ്ങളിലുമുളള മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെ (വളളം, വല മറ്റുളളവ) ബാധിക്കുന്നില്ലായെന്ന് കോട്ടയം/ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഉറപ്പു വരുത്തേണ്ടതാണെന്നും, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍കൂര്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണെന്നും നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സി.പ്രേംജി, ആലപ്പുഴ എക്‌സി. എഞ്ചിനിയര്‍ (മെക്കാനിക്കല്‍) ആര്‍.പ്രദീപ്കുമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു