ആറന്മുള : ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയിൽ 3 ദിവസമായി നടന്നു വരുന്ന ജില്ലാ ക്ഷീരസംഗമം നിറവ് – 2025 സമാപിച്ചു. പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ കാലിസമ്പത്ത് വർദ്ധനവ് ലക്ഷ്യമിട്ട് സെക്സ് സോർട്ടഡ് സെമൻ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ, തിരുവനന്തപുരം മേഖലാ യൂണിയൻ അധ്യക്ഷ മണി വിശ്വനാഥ്, ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ (ഇൻ ചാർജ്) മഞ്ജു ഒ ബി , തിരുവനന്തപുരം മേഖലാ യൂണിയൻ അംഗം മുണ്ടപ്പള്ളി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ മികച്ച ക്ഷീരകർഷകരെ അനുമോദിച്ചു. ക്ഷീരമേഖലയിൽ കൂടുതൽ തുക വകയിരുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മികച്ച സംഘം സെക്രട്ടറി, കിഡ്സ് ഡയറി ഫെസ്റ്റ് വിജയികൾ, കന്നുകാലി പ്രദർശന മത്സര വിജയികൾ എന്നിവർക്കുള്ള സമ്മാനദാനവും നടന്നു.
ക്ഷീരസംഗമത്തിൽ കന്നുകാലി പ്രദർശനം, മിൽമയുടെ നേതൃത്വത്തിൽ ഗോരക്ഷാ ക്യാമ്പ്, വിവിധ സെമിനാറുകൾ, പ്രശ്നോത്തരി, കലാസന്ധ്യ എന്നിവയും ഉണ്ടായിരുന്നു. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങൾ, കാലിത്തീറ്റകൾ, പാലുത്പന്നങ്ങൾ എന്നിവയുടെ വിൽപന, പ്രദർശനം എന്നിവയ്ക്കായി വിവിധ സ്റ്റാളുകളും ക്രമീകരിച്ചിരുന്നു.