ന്യൂഡൽഹി: ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ ആക്രമിക്കാനിടയുണ്ടെന്ന് പാക്കിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ. അത്തരം നടപടി ഉണ്ടാകുന്നപക്ഷം പാകിസ്താന്റെ ഭാഗത്തുനിന്ന് കനത്ത തിരിച്ചടിയുണ്ടായേക്കുമെന്ന മുന്നറിയിപ്പും പാക് മന്ത്രി നൽകി . 36 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ സൈനിക നടപടി ഉണ്ടാകുമെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ വിവരം ലഭിച്ചതായാണ് മന്ത്രിയുടെ വിശദീകരണം .
അതേസമയം,പഹല്‍ഗാം ഭീകരാക്രമണത്തില്‍ എങ്ങനെ മറുപടി നല്‍കണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു . ഇതുമായി ബന്ധപ്പെട്ട് സൈന്യത്തിന് പ്രധാനമന്ത്രി പൂര്‍ണസ്വാതന്ത്ര്യം നല്‍കി. ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഏത് സമയത്ത്,ഏത് തരത്തിലുള്ള തിരിച്ചടി നടത്തണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്നലെ വൈകിട്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കര-വ്യോമ-നാവിക സേനകളുടെ മേധാവിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.