പാലക്കാട് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങൾ തുടരുന്നു. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായുള്ള ചർച്ചകൾ ഇന്നും തുടരും. ചർച്ചകൾ നടക്കുന്നതിനാൽ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് സനയിലെ ക്രിമിനൽ കോടതിയിൽ ഇന്ന് ഹർജി നൽകും. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്. ദയാധനം സ്വീകരിച്ച് മാപ്പ് നൽകുന്നതിൽ തലാലിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഏകാഭിപ്രായത്തിലേയ്ക്ക് എത്താത്തതാണ് ചർച്ചകളിലെ പ്രതിസന്ധി .